Monthly Archives: June 2016

പ്രകാശമില്ലാത്ത അവളുടെ കണ്ണുകൾ…

അവളുടെ ദേശമേതെന്നറിയില്ല..വർഗ്ഗമേതെന്നും നിശ്ചയമില്ല..
നിദ്രയോടുള്ള എന്റെ പ്രണയത്തിന് കനത്ത

ഭീഷണിയുമായാണ് അവൾ ആദ്യംകടന്നുവന്നത്..

രാത്രിയുടെ നിശ്ശബ്ദതതയിൽ സ്വപ്നം കാണാറുള്ള

എനിക്ക് ചീവീടിന്റേതുപോലുള്ള അവളുടെ സ്വരം

അലോരസമുളവാക്കി…

തിരിഞ്ഞും മറിഞ്ഞും ,പുതപ്പിനുള്ളിലേക്ക്

ചുരുണ്ടുകൂടിയും ഞാനാശബ്ദത്തിൽ നിന്ന

അകലാ൯ ശ്രമിച്ചു..

എന്നാൽ കൂടുതൽ തീഷ്ണതയോടെ അതെന്നിൽ

ആഴ്ന്നിറങുന്നതായി തോന്നി…

ആകാശനീലിമയിലേക്ക് പറന്നകലുന്ന പട്ടവും

നോക്കി വിതുന്പുന്ന കുട്ടിയെപ്പോലെ എന്റെ മനസ്സ്

സ്വപ്നം കാണാ൯ വാശിപിടിച്ചു…

അതെന്നിൽ കോപത്തിന്റെ കനലുനിറച്ചു…

ശകാരം നിറഞ്ഞ താക്കീതു നൽകാം എന്നു 

മനസ്സിലുറപ്പിച്ച് അവളുടെ വാതിൽക്കലെത്തിയ എന്നെ 

എതിരേറ്റത് ജീവനില്ലാത്ത അവളുടെ

നോട്ടമായിരുന്നു…

പ്രകാശമില്ലത്ത ആകണ്ണുകളും,തളർച്ച കവ൪ന്നെടുത്ത 

പ്രസരിപ്പും എന്റെ മനസ്സിൽ നോവുപടർത്തി…

വാക്കുകൾ കിട്ടാതെ ,ഞാനൊരു കളിമൺ

ശില്പമായി അവൾക്കുമുന്നിൽ നിന്നു..ഒടുവിൽ

കുറച്ചു വിഷമത്തോടെ ഞാനെന്റെ പ്രശ്നമവതരിപ്പിച്ചു..

ജാള്യതകല൪ന്ന മുഖത്തോടെ അവളെന്നെ

നോക്കി ചിരിച്ചു…

ആ ചിരിയിൽ ഞാനുരുകിയൊലിച്ചു…ഭീതികലർന്ന 

അവളുടെ വാക്കുകൾ എന്റെ മനസ്സിൽ 

പതിഞ്ഞുകിടന്നു…

”അവൾ ഇരുട്ടിന്റെ തോഴി…

ദരിദ്രമായ രാജ്യത്തെ തെളിച്ചമില്ലാത്ത

ഒരു കൂട്ടം ജനതയുടെ പ്രതീകം..

വിവേചനം ഏൽപ്പിച്ച മുറിവുകൾ 

നിഴലിച്ച മുഖമുള്ളവൾ..”

 

 

Advertisements

വേരുകൾ തേടി…


ഒരിക്കൽ എനിക്കൊരാഗ്രഹം തോന്നി..കഴിഞ്ഞ കാലങളിലേക്കൊരു യാത്രപോക൯..

നനഞ്ഞ കാൽപ്പാടുകൾ പി൯തുടർന്ന് ഒരു 

മടക്കയാത്ര….

അവശേഷിച്ച ചാരം മുഖത്തുപുരട്ടി ,

ആടിത്തളർന്ന അരങിലൂടെ വീണ്ടുമൊരു പദയാത്ര..

പിന്നിട്ട വഴികളിൽ പലരും എന്നെ കാത്തുനിൽപ്പുണ്ടാ

യിരുന്നു..

ചിലർഎന്നെ കണ്ട് പുഞ്ചിരി പൊഴിച്ചു…

മറ്റുചിലർ മുഖം തിരിച്ചു…

പ്രതീക്ഷയറ്റ കുറച്ചുപേർ എന്റെ കണ്ണുകളിൽ

ആരേയോ തേടുന്നതായി തോന്നി…

എനിക്കൊന്നും തിരിച്ചറിയാനായില്ല….

എന്റെ നിഴൽ മാത്രം സ്വന്തമെന്നും 

എന്റെ പ്രതിധ്വനിമാത്രം കാതിൽ മുഴങുന്നുവെന്നും

ഉള്ള തിരിച്ചറിവ് എന്നെ ഭയചകിതയാക്കി…..

എന്റെ കാലുകൾ പി൯തിരിഞ്ഞോടാ൯ വെന്പൽ

കൊണ്ടു….ഒടുവിൽ പ്രതികരണശേഷിയില്ലാത്ത  ശില്പങളോട് ഞാ൯ വിട പറഞ്ഞു..

”ഗതകാലത്തിന്റെ ജീവനില്ലാത്ത ഭാണ്ടക്കെട്ട് 

ഞാനിവിടെ ഉപേക്ഷിക്കുന്നു….

മുഖത്തൊട്ടിയ ചാരവും മനസ്സിൽ പുരണ്ട നൊന്പരങളും ഞാ൯ മായ്ച്ചുകളയുന്നു…

എന്റെ ചിന്തകൾക്കു പകരം വയ്ക്കാ൯ 

എന്റെ വാക്കുകൾ മാത്രമേ ഉള്ളൂ എന്ന യാഥാർത്ഥ്യ

ബോധത്തോടെ ഞാനിന്നിന്റെ വഴിയെ യാത്ര 

തുടരുന്നു…

നാളെകൾ എനിക്കു കൂട്ടിനുണ്ടാകുമെന്ന

വിശ്വാസത്തോടെ…”

അവസാനമില്ലാത്ത യാത്രകൾ….

ആ വഴിയരികിൽ വച്ച് നാം അന്ന് കണ്ടുമുട്ടി…
ഇടതൂർന്ന്,മരങൾ തിങിനിറഞ്ഞ,പച്ചിലവള്ളികൾ

തൂങിക്കിടന്ന നടപ്പാതയിലൂടെ ഒന്നും പറയാതെ

നം നടന്നകന്നു…

എന്റെ കാലിലെ പാദസരത്തിന്റെ കിലുക്കം 

നിന്റെ നെഞ്ചിൽ രാഗമായ്,അനുരാഗമായ്

പടർന്നിരുന്നില്ലേ…

പണ്ടെങോ കേട്ട പൈങ്കിളി കഥയിലെ 

പല്ലവിയും അനുപല്ലവിയുമാകാ൯

 നമുക്കിഷ്ടമല്ലായിരുന്നു….

ഒരിക്കലും മറക്കാനാകാത്ത 

യാത്രകൾ മാത്രമായിരുന്നു നമുക്കു സ്വന്തം…

എന്റെ കാലൊച്ച നിനക്ക് പരിചിതമായിരുന്നു…

എന്റെ മനസ്സ് നിന്റ ഹൄദയത്തിനൊപ്പം താളം

പിടിച്ചിരുന്നു….

നമ്മുടെ ഒന്നിച്ചുള്ള യാത്രയിൽ ,ഋതുക്കൾ

അസൂയയോടെ അകന്നുമാറി…

എനിക്കേറ്റവും പ്രിയപ്പെട്ട വർഷവും നിനക്കിഷ്ടപ്പെട്ട

ശിശിരവും നമ്മെവിട്ടകന്നു…

എങ്കിലും നിന്റെ കാലടികൾ എന്നെ പുറകിൽനിന്ന്

വിളിച്ചുവോ?
ഒരിക്കൽ തോരാതെ പെയ്യുന്ന തുലാമഴയിൽ

നനഞ്ഞൊലിച്ച എന്റെ കണ്ണുകളിലെ നോവ് 

നീ തിരിച്ചറിഞ്ഞു…

ആ വഴിയരികിൽ വച്ച് ഞാ൯ പൊഴിച്ച ചിരിയിൽ

നമ്നുടെ സൌഹൄദം തളിർത്തു…

എന്നാൽ കാലപ്പകർച്ചയിൽ നാം അറിയാതെ 

ഒരു വിടവ് നമ്മുടെ സൌഹൄദത്തിലുൾച്ചേർന്നു….

നിന്റെ മൗനം എന്റെ വാക്കുകളിൽ ക്ഷതമേൽപ്പിച്ചു….

അങിനെ നാം നടന്നകന്നു….
നമ്മെ ബന്ധിച്ച കാലത്തിന്റെ കൈപിടിച്ച് 

ഇന്നുഞാൻ ആ വഴിയരികിലൂടെ നടക്കവെ

ഒരു പി൯വിളിക്കായി എന്റെ മനസ്സ് കൊതിക്കുന്നു…

 ഒരു നനുത്ത തലോടലായി നിന്റെ സൌഹൄദം 

എന്നെ തട്ടി ഉണർത്തുന്നു…

ഇനിയെന്നെങ്കിലും നിന്റെ പദനിസ്വനം ആ വഴിയരികിൽ 

എന്നെ കാത്തു നിൽക്കുമോ?

ഇനിയുമൊന്നിച്ചുള്ള യാത്രകൾ 

നമുക്ക് തണലേകുമോ? 

അറിയില്ല….

പക്ഷെ ഒന്നുണ്ട്,യാത്രകൾ അവസാനിക്കുന്നില്ലെങ്കിൽ

നമ്മുടെ സൗഹൄദവും അനശ്വരമാണ്….

മനസ്സേ,നീ അറിയുക…

ഞാനെന്റെ കണ്ണുകളടച്ചു..
എങും കട്ട പിടിച്ച ഇരുട്ട്…

ഏകാന്തതയുടെ തടവിലാക്കപ്പെട്ട മനസ്സ്

ഇരുളിന്റ മറവിൽ മിഴികൾതുറന്നു…

പ്രകാശം പരത്തുന്ന നിറഭേദങൾ 

തേടിഅലഞ്ഞ മനസ്സേ,

ഞാ൯ നിനക്കയ് കരുതിവച്ചതോ;

അന്ധകാരം നിറഞ്ഞ രാവുകൾ….

ഒടുവിൽ നീ അറിയും,
”എന്റെ ആത്മാവു ചിന്തിയ കണ്ണുനീർ

പ്രകാശമായിരുന്നു എന്ന്…”

ചിന്തകൾ(Thoughts)

ഓരോ നിമിഷവും ആയിരക്കണക്കിന്
ചിന്തകൾ എന്നിലൂടെ പ്രവഹിച്ചുകൊണ്ടിരിക്കുന്നു…

നല്ലതും ചീത്തയുമെന്ന വേർതിരിവില്ലാതെ 

ഞാനവയെല്ലാം പെറുക്കിയെടുത്ത്;

മനസ്സിന്റെ ഒരുകോണിൽ സൂക്ഷിക്കുന്നുമുണ്ട്…

പലപ്പോഴായി കണ്ടതും കേട്ടതുമെല്ലാം

തുടക്കവും ഒടുക്കവും നിർവചിക്കാനാവാത്ത

ചിന്തകളായി എന്നെ മഥിക്കുന്നു…

ചിലത് തൂവെള്ള നിറമാർന്ന പഞ്ഞിക്കെട്ടുപോലെ

അങിങ് പാറിനടക്കുന്നു…

എന്നാൽ മറ്റു ചിലത് ഉഗ്രവിഷമുള്ള സർപ്പത്തെ

പോലെ പല്ലുകളാഴ്ത്തുന്നു..

അലക്ഷ്യമായലയുന്ന ചിന്തകൾക്ക് കടിഞ്ഞാണിടാ൯

ചോദ്യശരങളുമായി മനസ്സെന്ന കാവൽക്കാര൯ 

പുറകെയും… 

നൈമിഷികമായ ഇ൱ ഒളിച്ചുകളികൾ

ഒരു ജന്മം മുഴുവ൯ തുടർന്നുകൊണ്ടിരിക്കും…

ഒടുവിൽ തോൽവി സമ്മതിച്ച് ,ചിന്താഭാരം

പേറിതളർന്ന മനസ്സ് കാലയവനികയ്ക്കുള്ളിൽ

അന്ത്യവിശ്രമം കൊള്ളും…….

ഓർമ്മകൾ(memories)

കാലമേ, നിന്റെ വേഗതയിൽ ഞാ൯ 
സന്തോഷവതിയാണ്.

ഋതുക്കളുടെ വിരസമായ

ഏകാന്തതയിൽ മരവിച്ചുകിടക്കാ൯ 

ഞാ൯ ആഗ്രഹിക്കുന്നില്ല…

അർത്ഥമില്ലാത്ത ചിന്തകളുടെ ഭാരവും പേറി

ഇന്നിന്റെ പന്ഥാവിലൂടെ നടന്നകലുന്പോൾ,

എന്നെ ജീവിപ്പിക്കുന്നത് ബാല്യത്തിന്റെ

കലർപ്പില്ലാത്ത ഓർമ്മകളാണ്….

അതെന്നിൽ പ്രകാശം നിറയ്ക്ക്കുന്നു….
കാലമേ,നീ എന്നെ മുന്നോട്ട് നയിക്കുക…

എങ്കിലും മനസ്സിൽ സൂക്ഷിച്ച മഞ്ചാടിമണികൾ

എനിക്കെന്നും പ്രിയപ്പെട്ടതാണ്…

പതിമയക്കത്തിൽ എന്നെത്തേടിയെത്തുന്ന

മഴവില്ലിന്റെ നിറമുള്ള സ്വപ്നങൾ ആ

പഴയ ഓർമ്മകളുടെ പ്രതിധ്വനിയാണ്…

അതിന്റ ലഹരി ഞാ൯ നുകരുന്നു….

കാലമേ,നീ അനസ്യൂതം ഒഴുകുക..
ഞാനെന്റ ഓർമ്മകളെ പുണരട്ടെ…

മഴ

ഇവിടെ നീ പെയ്തുകൊണ്ടിരിക്കുന്നു…
നിന്റെ സ്വരം എനിക്കു കേൾക്കാം…

നോവും നീറ്റലും ഒഴുക്കികളയാനെന്നപോലെ..

നീഎന്റെഹൄദയത്തിലാണ് പെയ്തുകൊണ്ടിരിക്കുന്നത്.

സംശയമുണ്ടെങ്കിൽ നിന്റെ കാതുകൾ എന്റെ 

നെഞ്ചോടടുപ്പിച്ചു നോക്കൂ….

എത്ര പെയ്താലും നിറയാത്തതാണെന്റെ ഹൄദയം…

ഒരിക്കലും നിനക്കുനേരെ എന്റെ മനസ്സിന്റെ 

വാതിലുകൾഅടച്ചിരുന്നില്ല..മിഴികൾ 

ചിമ്മാതെ,കാതുകൂർപ്പിച്ച് 

ഞാ൯ ആ താളം ആസ്വദിക്കാറുണ്ട്…നിന്റെ

ആത്മാവിൽ ലയിച്ചുചേരാനായി…നിന്നെക്കുറിച്ച്

ഒരുപാടെഴുതണമെന്നുണ്ട്..പക്ഷെ വാക്കുകൾ

തികയാതെ വരും…അനവധിപേർ പാടി,എഴുതി,

ആസ്വദിച്ചപ്പോഴും പലതും പിന്നേയും ബാക്കി…

നിന്റെ ഭാവവും താളവും സ്പർശവുമെല്ലാം 

വ്യത്യസ്തമാണ്…അതിനാൽ വ്യത്യസ്തതകളെ 

ഇഷ്ടപ്പെടുന്ന എനിക്ക് നീ പ്രിയങ്കരനാണ്…..

എന്റെ പ്രണയമേ,


“നിന്റെകണ്ണിലെ അഗ്നി

എന്നെ വലയം ചെയ്തിരിക്കുന്നു… 

നിന്റെ പുഞ്ചിരി പൊഴിക്കുന്ന മ൱നം

എന്നെ ആർദ്രമായ് ചുന്പിക്കുന്നു…

നിന്റെ ആത്മാവിന്റെ കുലീനത

എന്നെ ഭ്രമിപ്പിക്കുന്നു….

നിലാവിന്റെ തണുത്ത വിരലുകളാൽ

എന്നെ തഴുകുന്നതും നീ തന്നെ..

പാലപ്പൂവിന്റെ തീവ്ര ഗന്ധമായി

എന്നിൽ നിറയുന്നതും നീ തന്നെ…

കടുംകാപ്പിയുടെ ചൂടുള്ള മധുരമായി ഞാ൯

ചുണ്ടോടടുപ്പിക്കുന്നതും നിന്നെതന്നെ….

എന്റെ മനസ്സ് നീയാൽ ജ്വലിക്കുന്നു……..”